സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ ഐസിടിഇപിസി- ബിസിഐബിഎൻ ധാരണ
Monday, September 1, 2025 11:34 PM IST
കൊച്ചി: ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് ആൻഡ് ഓൺട്രപ്രണർഷിപ് പ്രമോഷൻ കൗൺസിൽ (ഐസിടിഇപിസി) കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ - ഇന്ത്യ ബിസിനസ് നെറ്റ്വർക്കുമായി (ബിസിഐബിഎൻ ഇന്ത്യ) ധാരണാപത്രം ഒപ്പിട്ടു.
ഇന്ത്യയിലെ സ്റ്റാർട്ടപ് സംരംഭങ്ങളെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കാനും പരിശീലനത്തിനും മറ്റു സഹായങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണു കരാർ. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശില്പശാലകളും സെമിനാറുകളും നടത്തുമെന്ന് ബിസിഐബിഎൻ ഇന്ത്യ പ്രസിഡന്റ് ശോഭന ജയ മാധവൻ അറിയിച്ചു.
ഇൻഡോ കോണ്ടിനെന്റൽ ട്രേഡ് ആൻഡ് ഓൺട്രപ്രണർഷിപ് പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജനറൽ യു.എസ്. കുട്ടിയും ശോഭനയുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. ഐസിടിഇപിസി ചെയർമാൻ ഡോ.ടി. വിനയകുമാർ, ഡയറക്ടർമാരായ കെ. രവീന്ദ്രൻ, എൻ.എം. നാസിഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇതിനോടനുബന്ധിച്ചു മാർക്കറ്റിംഗ് സെയിൽസ് രംഗത്തെ പ്രഫഷണലുകൾക്കായി ഐസിടിഇപിസി കൊച്ചി കെഎംഎ ഹാളിൽ ശില്പശാല സംഘടിപ്പിച്ചു.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള പ്രശസ്ത സ്ഥാപനങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. മുൻനിര പരസ്യ കമ്പനിയായ എഫ്സിബി ഉൽക്ക ഇന്റർഫേസ് മുൻ വൈസ് ചെയർമാനും സിഇഒയുമായ ജോ തളിയത്ത്, ടീം വൺ അഡ്വർടൈസിംഗ് എംഡി വിനോദിനി സുകുമാരൻ, ഡിഡിബി മുദ്ര മുൻ വൈസ് പ്രസിഡന്റ് ഡോമിക് സാവിയോ എന്നിവർ സെഷനുകൾ നയിച്ചു.