അഫ്ഗാനിസ്ഥാനിൽ വൻ ഭൂകന്പം; 800 മരണം
Tuesday, September 2, 2025 1:22 AM IST
കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ വൻ ഭൂകന്പത്തിൽ 800 പേർ മരിച്ചു. 2,500 പേർക്കു പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ഭൂകന്പം ഞായറാഴ്ച രാത്രി 11.47ന് കുനാർ പ്രവിശ്യയിലാണു നാശം വിതച്ചത്.
ജലാലാബാദ് നഗരത്തിൽനിന്ന് 27 കിലോമീറ്റർ അകലെയാണു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. വൻ ഭൂകന്പത്തിനു പിന്നാലെ നിരവധി തവണ ചെറുചലനങ്ങളുണ്ടായി. നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നുവീണു. കാബൂൾ മുതൽ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദ് വരെ ഭൂകന്പത്തിന്റെ പ്രകന്പനമുണ്ടായി. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്.
ഭൂകന്പം നാശം വിതച്ചത് ദുർഘട പർവതമേഖലയിലായതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. വിദൂര ഗ്രാമങ്ങളിലെ തകർന്ന കെട്ടിടങ്ങളിൽനിന്ന് പരിക്കേറ്റവരെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണു ആശുപത്രികളിലെത്തിച്ചത്.
കെട്ടിടാവശിഷ്ടങ്ങളിൽ നൂറുകണക്കിനു പേർ കുടുങ്ങിയതായി നാട്ടുകാർ പറഞ്ഞു. കാബൂൾ, കുനാർ, നംഗർഹാർ എന്നിവിടങ്ങളിൽനിന്നുള്ള മെഡിക്കൽ സംഘം അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. 12,000 പേരെ ഭൂകന്പം നേരിട്ടു ബാധിച്ചതായി അധികൃതർ അറിയിച്ചു.
800 പേർ മരിച്ചെന്നു താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. ആയിരക്കണക്കിനു വീടുകൾ തകർന്നു. ഗ്രാമപ്രദേശങ്ങളിൽ മിക്ക വീടുകളും ഇഷ്ടികയും മരവും ഉപയോഗിച്ചു നിർമിച്ചവയാണ്. 2023 ഒക്ടോബർ ഏഴിന് അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകന്പത്തിൽ 4000 പേരാണു മരിച്ചത്.
അഫ്ഗാൻ ഭൂകന്പത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. അഫ്ഗാന് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാൻ ഇന്ത്യ സന്നദ്ധമാണെന്നു മോദി പറഞ്ഞു.