വോട്ടുകൊള്ള; വരാൻ പോവുന്നത് ഹൈഡ്രജൻ ബോംബ്: രാഹുൽ ഗാന്ധി
Monday, September 1, 2025 7:38 PM IST
പറ്റ്ന: വോട്ടുകൊള്ള ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്ര സമാപിച്ചു. വോട്ടുകൊള്ള സംബന്ധിച്ച് ഒരു ഹൈഡ്രജൻ ബോംബ് പുറത്തുവരാനുണ്ട്. ആറ്റംബോംബെന്നു കേട്ടിട്ടുണ്ടോ. അതിനേക്കാൾ വലുത് എന്താണ്.
ആറ്റംബോംബിനേക്കാൾ വലുത് ഹൈഡ്രജന്‍ ബോംബാണ്. നേരത്തെ വാർത്താ സമ്മേളനത്തിൽ നമ്മൾ ആറ്റംബോംബ് കാണിച്ചു. ബിജെപി നോക്കിയിരുന്നോളൂ ഹൈഡ്രജൻ ബോംബ് വരുന്നുണ്ട്. വോട്ടുകൊള്ള രാജ്യം മുഴുവൻ അറിയാൻ പോകുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആ ഹൈഡ്രജൻ ബോംബിന് ശേഷം പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ല. മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ അതേ ശക്തികളാണ് ഡോ.ബി.ആർ. അംബേദ്കറുടെയും മഹാത്മ ഗാന്ധിയുടെയും ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നത്.
ഇന്ത്യയുടെ ഭരണഘടനയെ തകർക്കാൻ ഞങ്ങൾ അവരെ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഓഗസ്റ്റ് 17ന് ബിഹാറിലെ സസാറാമിൽ നിന്നുതുടങ്ങിയ യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ബിഹാറിലെ 20 ജില്ലകളിലൂടെ 1300 ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര പറ്റ്നയിലെത്തിയത്. ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.