കേരള ക്രിക്കറ്റ് ലീഗ്; കാലിക്കറ്റിന് ജയം
Monday, September 1, 2025 11:35 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് 14 റൺസ് ജയം. സ്കോര്‍: കാലിക്കറ്റ് 202/5, കൊല്ലം 188/10. ആദ്യം ബാറ്റ് ചെയ്ത് കാലിക്കറ്റ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടി. 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലം 188 റൺസിന് എല്ലാവരും പുറത്തായി.
കൊല്ലത്തിന് വേണ്ടി ഓപ്പണിംഗ് ബാറ്റർ അഭിഷേക് നായർ (74) അർധ സെഞ്ചുറി നേടി. മറ്റുള്ളവർക്ക് കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ക്യാപ്റ്റൻ സച്ചിൻ ബേബി 27 റൺസ് നേടി. കാലിക്കറ്റിനായി അഖിൽ സ്കറിയ, ഇബ്നുൽ അഫ്താഫ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
കാലിക്കറ്റിന്റെ ഇന്നിംഗ്സിലെ അവസാന അഞ്ച് പന്തും സിക്സ് പറത്തിയ കൃഷ്ണ ദേവന്റെ ബാറ്റിംഗ് മികവിലാണ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തത്. ഷറഫുദ്ദീന് എറിഞ്ഞ അവസാന ഓവറിലെ അവസാന അഞ്ച് പന്തും കൃഷ്ണ ദേവന് സിക്സ് പറത്തുകയായിരുന്നു.
ഏഴ് സിക്സും ഒരു ബൗണ്ടറിയും അടക്കം 11 പന്തില്‍ 49 റണ്‍സുമായി കൃഷ്ണ ദേവന് പുറത്താകാതെ നിന്നപ്പോള്‍ അഖില്‍ സ്കറിയ 25 പന്തിൽ 32 റണ്‍സുമായി പുറത്താകാതെ നിന്നു. കൊല്ലത്തിനായി എ.ജി. അമലും എം.എസ്.അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ കൊല്ലത്തെ നാലാം സ്ഥാനത്താക്കി കാലിക്കറ്റ് 10 പോയന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി. രണ്ടാമതായിരുന്ന തൃശൂര്‍ നെറ്റ് റണ്‍ റേറ്റില്‍ മൂന്നാമതായി. 12 പോയിന്റുള്ള കൊച്ചി ബ്ലൂ ടൈഗേഴ്സാണ് ഒന്നാം സ്ഥാനത്ത്.