ഓസീസ് പേസർ മിച്ചൽ സ്റ്റാർക് ട്വന്റി20യിൽ നിന്ന് വിരമിച്ചു
Tuesday, September 2, 2025 10:05 AM IST
സിഡ്നി: ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് അന്താരാഷ്ട്ര ട്വന്റി20 യിൽ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് വിരമിക്കൽ തീരുമാനമെന്നാണ് സ്റ്റാർക് അറിയിച്ചത്.
ഓസ്ട്രേലിയയ്ക്കു വേണ്ടി കളിച്ച ഓരോ ട്വന്റി20 മത്സരവും താൻ ആസ്വദിച്ചിട്ടുണ്ടെന്നും താരം പ്രതികരിച്ചു. ടീമിലെ അംഗങ്ങളെയും രസകരമായ നിമിഷങ്ങളെയും താൻ സ്നേഹിക്കുന്നു. താൻ ഏറ്റവും പ്രാധാന്യം നൽകാനുദ്ദേശിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടെസ്റ്റ് പര്യടനം, ആഷസ്, 2027-ലെ ഏകദിന ലോകകപ്പ് എന്നിവ മുന്നിൽ കണ്ടുകൊണ്ട് മികച്ച ഫോമിൽ തുടരാൻ ഇത് ഏറ്റവും നല്ല മാർഗമാണെന്ന് കരുതുന്നു. കൂടാതെ, അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനായി പുതിയ ബൗളിംഗ് നിരയെ ഒരുക്കാൻ ടീമിന് ഇത് സമയം നൽകുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
65 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ നിന്നായി 79 വിക്കറ്റുകൾ നേടിയ താരം 2021 ൽ ലോകകപ്പ് നേടിയ ഓസീസ് ടീമിലും അംഗമായിരുന്നു.