എറണാകുളത്ത് സ്റ്റേഷനില്‍വച്ച് കൈക്കൂലി വാങ്ങിയ എസ്ഐ അറസ്റ്റില്‍
Tuesday, September 2, 2025 9:40 PM IST
കൊച്ചി: എറണാകുളത്ത് സ്റ്റേഷനില്‍വെച്ച് കൈക്കൂലി വാങ്ങിയ എസ്ഐ അറസ്റ്റില്‍. മരട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഗോപകുമാറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി പതിനായിരം രൂപയാണ് എസ്ഐ കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് സ്റ്റേഷനില്‍വെച്ച് കൈക്കൂലി വാങ്ങിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
ഒരു കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടണമെങ്കില്‍ തനിക്ക് പതിനായിരം രൂപ നല്‍കണമെന്നാണ് വാഹന ഉടമയോട് എസ്ഐ പറഞ്ഞിരുന്നത്. പണം കിട്ടാതെ ഒരിക്കലും വാഹനം വിട്ടുതരില്ലെന്നും എസ്ഐ ഉറപ്പിച്ചുപറഞ്ഞിരുന്നു. ഇതോടെയാണ് വാഹന ഉടമ വിജിലന്‍സിനെ സമീപിച്ചത്.
തുടര്‍ന്ന് വിജിലന്‍സ് സംഘം കൈമാറിയ നോട്ടുകളുമായി വാഹന ഉടമ മരട് സ്റ്റേഷനിലെത്തി. ഇദ്ദേഹം എസ്ഐ ഗോപകുമാറിന് പണം കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം എസ്ഐയെ വളയുകയും കൈയോടെ പിടികൂടുകയുമായിരുന്നു.