വയനാട്ടിലും കാസർഗോട്ടും മെഡിക്കൽ കോളജുകൾ; എന്‍എംസി അനുമതി ലഭിച്ചെന്ന് മന്ത്രി വീണാ ജോർജ്
Tuesday, September 2, 2025 11:05 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസർഗോഡ് മെഡിക്കല്‍ കോളജുകള്‍ക്കാണ് അനുമതി ലഭ്യമായത്. 50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്.
എത്രയും വേഗം നടപടി ക്രമങ്ങള്‍ പാലിച്ച് ഈ അധ്യായന വര്‍ഷം തന്നെ വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍എംസി മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് അംഗീകാരം ലഭിച്ചത്.
വയനാട് മെഡിക്കല്‍ കോളജില്‍ 45 കോടി രൂപ ചെലവില്‍ മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക് യാഥാര്‍ഥ്യമാക്കിയതായി മന്ത്രി അറിയിച്ചു. 60 സീറ്റുകളോട് കൂടി നഴ്സിംഗ് കോളജ് ആരംഭിച്ചു. മെഡിക്കല്‍ കോളജിന്റെ ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിച്ചതില്‍ നിയമനം നടത്തി.
കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി ഫണ്ടില്‍നിന്ന് 160 കോടിയുടെ ഭരണാനുമതി നല്കി. ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു. അക്കാദമിക് ബ്ലോക്ക് കെട്ടിടം പൂര്‍ത്തിയാക്കി. മെഡിക്കല്‍ കോളജിനുള്ള ജലവിതരണ സംവിധാനത്തിന് എട്ടു കോടി രൂപ അനുവദിച്ചെന്ന് മന്ത്രി പറഞ്ഞു.