കെസിഎല്‍; കൃഷ്ണപ്രസാദിന്റെ സെഞ്ചുറിയിൽ ട്രിവാൻഡ്രത്തിന് ജയം
Tuesday, September 2, 2025 11:19 PM IST
തിരുവനന്തപുരം: കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരേ ട്രിവാന്‍ഡ്രം റോയല്‍സിന് 17 റണ്‍സിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.
സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കൃഷ്ണപ്രസാദാണ് റോയല്‍സിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത്. 62 പന്തുകളില്‍നിന്ന് കൃഷ്ണപ്രസാദ് പത്ത് സിക്സും ആറ് ബൗണ്ടറികളും സഹിതം 119 റണ്‍സ് നേടി. ആദിത്യ വിനോദ് രണ്ടും ആനന്ദ് ജോസഫ്, സിബിൻ ഗിരീഷ്, അജിനാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് തുടക്കംതന്നെ പാളി. ആദ്യ ഓവറിലെ രണ്ടാംപന്തില്‍ ഓപ്പണര്‍ കെ.ആര്. രോഹിത്ത് പുറത്തായി. 21 പന്തില്‍ 41 റണ്‍സ് നേടി പുറത്താവാതെ നിന്ന സി.വി.വിനോദ് കുമാര്‍ ആണ് ടോപ് സ്കോറര്‍. അഞ്ച് സിക്സും രണ്ട് ഫോറും ഉള്‍പ്പെടുന്നതാണ് വിനോദ്കുമാറിന്റെ ഇന്നിംഗ്സ്.
അഹമ്മദ് ഇമ്രാന് (38), ക്യാപ്റ്റന്‍ ഷോണ്‍ റോജര്‍ (37), അക്ഷയ് മനോഹര്‍ (27), ആനന്ദ് കൃഷ്ണന് (17) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ട്രിവാന്‍ഡ്രത്തിനായി വി.അഭിജിത്ത് പ്രവീണ്‍ രണ്ടും അബ്ദുല്‍ ബാസിത്ത്, അജിത് വാസുദേവന്‍, ബേസില്‍ തമ്പി എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ വീഴ്ത്തി.