വെടിക്കെട്ട് ബാറ്റിംഗുമായി മാർക്രം, നാല് വിക്കറ്റുമായി കേശവ് മഹാരാജ്; ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം
Wednesday, September 3, 2025 12:05 AM IST
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം 29 ഓവറും ഒരു പന്തും ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. ഓപ്പണർ എയ്ഡൻ മാർക്രത്തിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക അനായാസമായി വിജയലക്ഷ്യം മറികടന്നത്.
55 പന്തിൽ നിന്ന് 86 റൺസാണ് മാർക്രം എടുത്തത്. 13 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു മാർക്രത്തിന്റെ ഇന്നിംഗ്സ്. വിക്കറ്റ് കീപ്പർ റയാൻ റിക്കിൾട്ടൺ 31 റൺസ് സ്കോർ ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് കരുത്തിന് മുന്നിൽ തകർന്നടിയുകയായിരുന്നു. 24.3 ഓവറിൽ 131 റൺസിൽ ഇംഗ്ലണ്ട് ഓൾഔട്ടാവുകയായിരുന്നു. ഇംഗ്ലീഷ് നിരയിൽ അർധ സെഞ്ചുറി നേടിയ ഓപ്പണർ ജാമി സ്മിത്തിന് മാത്രമാണ് തിളങ്ങാനായത്. 48 പന്തിൽ നിന്ന് 54 റൺസാണ് സ്മിത്ത് എടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് നാല് വിക്കറ്റുകൾ വീഴ്ത്തി. വിയാൻ മുൾഡർ മൂന്ന് വിക്കറ്റും നാൻഡ്രെ ബർഗറും ലുംഗി എൻഗിഡിയും ഓരോ വിക്കറ്റ് വീതവും എടുത്തു.