ആഗോള അയ്യപ്പ സംഗമം; യുഡിഎഫ് പങ്കെടുക്കുന്നതിൽ തീരുമാനം ഇന്ന് പ്രഖ്യാപിക്കും
Wednesday, September 3, 2025 12:28 AM IST
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന്. തീരുമാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.
അതേ സമയം അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമെന്നാണ് യുഡിഎഫിന്റെ ആരോപണം. സംസ്ഥാന സർക്കാരാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
അയ്യപ്പ സംഗമവുമായി യുഡിഎഫ് സഹകരിച്ചേക്കില്ല. അയ്യപ്പ സംഗമവുമായി സഹകരിക്കാതെ സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുകയാകും യുഡിഎഫ് ചെയ്യാന്‍ പോകുന്നത്.
ആഗോള അയ്യപ്പ സംഗമത്തെ മുസ്ലീംലീഗ് പിന്തുണച്ചോടെ വെട്ടിലായത് കോണ്‍ഗ്രസ് നേതൃത്വമായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലൂടെ വലിയൊരു വിഭാഗം വിശ്വാസികളുടെ പിന്തുണ സര്‍ക്കാരിന് കിട്ടുമ്പോള്‍ എന്ത് നിലപാട് എടുക്കണമെന്ന് ആലോചിക്കാനായിരുന്നു ചൊവ്വാഴ്ച യോഗം വിളിച്ചത്.
അയ്യപ്പസംഗമം സിപിഐഎമ്മിന്റെ വിശ്വാസികളോടുള്ള ഇരട്ടത്താപ്പാണെന്ന നിലപാടാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം മുന്നോട്ട് വെക്കുന്നത്. എസ്എന്‍ഡിപിയും എന്‍എസ്എസ്സും പിന്തുണച്ചതോടെ അയ്യപ്പസംഗമത്തെ കണ്ണുംപൂട്ടി എതിര്‍ക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാവുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ടായിരുന്നു.
യുവതീ പ്രവേശനം വീണ്ടും സജീവ ചര്‍ച്ചയാക്കാന്‍ ബിജെപിയെ പോലെ യുഡിഎഫും തയ്യാറായേക്കും.