റഷ്യയുടെ ആക്രമണങ്ങൾ തുടരുന്നു, മറുപടി നൽകുമെന്ന് സെലൻസ്കി
Wednesday, September 3, 2025 3:44 AM IST
കീവ്: യുക്രെയ്നിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ റഷ്യ തുടരുന്നുണ്ടെന്നു യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി. ചില മേഖലകളിൽ റഷ്യ പുതിയ സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്നുണ്ടെന്നും സമാധാനത്തിനുള്ള നടപടികൾക്ക് അദ്ദേഹം വിസമ്മതിക്കുകയാണെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിൽ സെലൻസ്കി പറഞ്ഞു.
റഷ്യയുടെ ആക്രമണങ്ങൾക്ക് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റരാത്രികൊണ്ട് റഷ്യൻ സൈന്യം 150 ഡ്രോണുകളാണ് യുക്രെയ്നിനു നേരെ തൊടുത്തുവിട്ടത്. രാവിലെ മാത്രം 50 ഡ്രോണുകളും വൈകുന്നേരം ഡസൻ കണക്കിനു ഡ്രോണുകളും യുക്രെയ്നിനെ ലക്ഷ്യം വച്ചു.
പുതിയ ഡ്രോൺ ആക്രമണങ്ങൾ ചൈനയിൽ നിന്നുള്ള റഷ്യൻ പ്രസ്താവനകൾക്ക് അനുബന്ധമായി ഉണ്ടായതാണെന്ന് വ്ലാഡിമിർ പുടിന്റ് ചൈന സന്ദർശനത്തെ പരാമർശിച്ച് സെലൻസ്കി പറഞ്ഞു. യുദ്ധത്തിൽ താൻ കുറ്റക്കാരനല്ലെന്ന തരത്തിലുള്ള കഥകളാണ് പുടിൻ ചൈനയിൽ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും സെലന്‍സ്കി പറഞ്ഞു.