കേരള ക്രിക്കറ്റ് ലീഗ്: ആലപ്പി റിപ്പിൾസിനെതിരെ ട്രിവാൻഡ്രം റോയൽസിന് തകർപ്പൻ ജയം
Wednesday, September 3, 2025 7:07 PM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെതിരായ മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസിന് തകർപ്പൻ ജയം. 110 റൺസിനാണ് റോയൽസ് വിജയിച്ചത്.
റോയൽസ് ഉയർത്തിയ 209 റൺസ് പിന്തുടർന്ന റിപ്പിൾസ് 98 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 55 റൺസെടുത്ത ഓപ്പണർ എ.കെ. ആകർഷിന് മാത്രമാണ് റിപ്പിൾസ് ബാറ്റിംഗ് നിരയിൽ പിടിച്ചുനിൽക്കാനായത്.
ട്രിവാൻഡ്രം റോയൽസിന് വേണ്ടി വി. അഭിജിത്ത് പ്രവീൺ നാല് വിക്കറ്റ് എടുത്തു. ജെ. എസ്. അനുരാജ് രണ്ട് വിക്കറ്റും അജിത്ത് വാസുദേവൻ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 208 റൺസ് എടുത്തത്. നായകൻ കൃഷ്ണ പ്രസാദിന്റെയും വിക്കറ്റ് കീപ്പർ വിഷ്ണുരാജിന്റെയും സഞ്ജീവ് സതെരേശന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ റോയൽസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കൃഷ്ണ പ്രസാദും വിഷ്ണുരാജും അർധ സെഞ്ചുറി നേടി. കൃഷ്ണ പ്രസാദ് 52 പന്തിൽ നിന്ന് 90 റൺസാണ് എടുത്തത്.
വിഷ്ണുരാജ് 60 റൺസും സഞ്ജീവ് സതെരേശൻ 31 റൺസും എടുത്തു. എം. നിഖിൽ 18 റൺസ് സ്കോർ ചെയ്തു. ആലപ്പി റിപ്പിൾസിന് വേണ്ടി എം.പി. ശ്രീരൂപ് മൂന്ന് വിക്കറ്റെടുത്തു. രാഹുൽ ചന്ദ്രനും ശ്രീഹരി എസ്. നായരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.