അർധസെഞ്ചുറിയുമായി നിസംഗ, വെടിക്കെട്ട് ബാറ്റിംഗുമായി മെൻഡിസ്; ശ്രീലങ്കയ്ക്ക് മിന്നും ജയം
Wednesday, September 3, 2025 8:49 PM IST
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.
സിംബാബ്വെ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കെ ശ്രീലങ്ക മറികടന്നു. ആറ് വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടപ്പെട്ടത്.
അർധസെഞ്ചുറി നേടിയ പാതും നിസംഗയുടെയും വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ കമിന്ദു മെൻഡിസിന്റെയും മികവിലാണ് ശ്രീലങ്ക വിജയലക്ഷ്യം മറികടന്നത്. 55 റൺസാണ് നിസംഗ എടുത്തത്. മെൻഡിസ് 41 റൺസാണ് സ്കോർ ചെയ്തത്. 38 റൺസെടുത്ത കുശാൽ മെൻഡിസും മികച്ച പ്രകടനമാണ് നടത്തിയത്.
സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാർഡ് എൻഗാരവ രണ്ട് വിക്കറ്റ് വീഴ്ത്തി. ബ്ലെസിംഗ് മുസറാബനി, ടിനോടെൻഡ മപോസ, ബ്രാഡ് ഇവാൻസ്, സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസ് എടുത്തത്. 81 റൺസെടുത്ത ഓപ്പണർ ബ്രയാൻ ബെന്നറ്റിന്റെ മികവിലാണ് സിംബാബ്വെ മികച്ച സ്കോർ എടുത്തത്.