ചാർലി കിർക്ക് കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
Thursday, September 11, 2025 11:14 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തൻ ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിട്ട് എഫ്ബിഐ(ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ)
പ്രതിയെ പിടികൂടാൻ ജനങ്ങൾ സഹായിക്കണമെന്നും എഫ്ബിഐയുടെ കുറിപ്പിൽ പറയുന്നു. ടീഷർട്ടും ജീൻസും തൊപ്പിയും കൂളിംഗ് ഗ്ലാസും ധരിച്ച ചെറുപ്പക്കാരന്റെ ചിത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.
‘യൂട്ടവാലി യൂണിവേഴ്സിറ്റിയിൽ ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഈ വ്യക്തിയെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടുകയാണ്.’–എഫ്ബിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഒപ്പം നൽകിയിട്ടുണ്ട്.
അതേസമയം, കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. യുഎസിൽ സാധാരണക്കാരന് നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണിത്.
തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റും ട്രംപ് അനുകൂല മാധ്യമപ്രവർത്തകനുമായിരുന്നു കിർക്ക്. യൂട്ടവാലി സർവകലാശാലയിൽ നടന്ന ചടങ്ങിനിടെയാണ് കിർക്കിന് വെടിയേറ്റത്.