യുവതിയെ ചാറ്റുകൾ കാട്ടി ഭീഷണിപ്പെടുത്തി ശല്യം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ
Friday, September 12, 2025 12:32 AM IST
തൃശൂര്‍: വാട്സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതിയെ ചാറ്റുകൾ കാട്ടി ഭീഷണിപ്പെടുത്തി ശല്യം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടില്‍ സിറാജ് (26) നെയാണ് എറണാകുളത്തുനിന്നു തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ സൈബര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
2022ല്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ ഇരിങ്ങാലക്കുടയിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.