വെടിക്കെട്ട് ബാറ്റിംഗുമായി സാൾട്ടും ബട്ട്ലറും; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ
Saturday, September 13, 2025 12:42 AM IST
മാഞ്ചസ്റ്റർ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 301 റൺസാണ് ഇംഗ്ലണ്ട് എടുത്തത്. ഫിൾ സാൾട്ടിന്റെയും ജോസ് ബട്ട്ലറുടെയും നായകൻ ഹാരി ബ്രൂക്കിന്റെയും വെടിക്കെട്ട് ഇന്നിംഗ്സുകളുടെ മികവിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
ഫിൾ സാൾട്ട് സെഞ്ചുറിയും ജോസ് ബട്ട്ലർ അർധ സെഞ്ചുറിയും നേടി. 141 റൺസാണ് സാൾട്ട് എടുത്തത്. 60 പന്തിൽ 15 ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു സാൾട്ടിന്റെ ഇന്നിംഗ്സ്. ബട്ട്ലർ 83 റൺസാണ് സ്കോർ ചെയ്തത്. 30 പന്തിൽ എട്ട് ബൗണ്ടറിയും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു ബട്ട്ലറിന്റെ ഇന്നിംഗ്സ്.
21 പന്തിൽ 41 റൺസെടുത്ത നായകൻ ഹാരി ബ്രൂക്കിന്റെയും 14 പന്തിൽ 26 റൺസെടുത്ത ജേക്കബ് ബെതലിന്റെയും ഇന്നിംഗ്സുകളും കൂറ്റൻ സ്കോറിലേക്കെത്താൻ ഇംഗ്ലണ്ടിനെ സഹായിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബിജോൺ ഫോർടുയ്ൻ രണ്ട് വിക്കറ്റെടുത്തു.