“ഒരു സമയം കഴിഞ്ഞാൽ സിപിഎം നേതാക്കൾ കോടീശ്വരന്മാർ”; ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയുടെ ശബ്ദസന്ദേശം പുറത്ത്
Saturday, September 13, 2025 2:28 AM IST
തൃശൂർ: കരുവന്നൂർ വിഷയത്തിനു പിന്നാലെ തൃശൂർ ജില്ലയിലെ സിപിഎമ്മിനെ പിടിച്ചുലച്ച് ഡീൽ വിവാദം. മുതിർന്ന നേതാക്കളിൽ പലരും വൻകിട ഡീലർമാരാണെന്നും കോടികളുണ്ടാക്കിയെന്നുമുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.പി. ശരത് പ്രസാദിന്റെ ശബ്ദസന്ദേശമാണു പുറത്തുവന്നത്.
മുൻ മന്ത്രിയും കുന്നംകുളം എംഎൽഎയുമായ എ.സി. മൊയ്തീൻ, മുതിർന്ന നേതാവ് എം.കെ. കണ്ണൻ, തൃശൂർ കോർപറേഷൻ കൗണ്സിലർമാരായ വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ് കാട എന്നിവരുടെ പേരെടുത്തുപറഞ്ഞാണു വിമർശനം. പാർട്ടിയിൽ പദവി ലഭിക്കുംതോറും പിരിവിന്റെയും സാന്പത്തികനേട്ടത്തിന്റെയും തോതും വർധിക്കുമെന്നു സന്ദേശത്തിൽ പറയുന്നു.
അഞ്ചുവർഷംമുന്പ് റിക്കാർഡ് ചെയ്ത സന്ദേശം ഇന്നലെയാണ് പുറത്തുവന്നത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഏറ്റവും സജീവമായി ചർച്ചചെയ്യപ്പെട്ട സമയത്താണു സന്ദേശം റിക്കാർഡ് ചെയ്തിട്ടുള്ളത്.
സന്ദേശം പുറത്തുവന്നതോടെ വൻവിവാദമായി. ആരോപിതർ നിഷേധിച്ചും, പ്രതിപക്ഷം തങ്ങളുടെ നേരത്തേയുള്ള ആരോപണങ്ങൾ കടുപ്പിച്ചും രംഗത്തുവന്നു. ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ശബ്ദസന്ദേശം തന്റേതുതന്നെയാണെന്ന് ഉറപ്പില്ലെന്നും ശരത് പ്രസാദ് പറഞ്ഞു. ശബ്ദം തന്റെയാണെന്നു സമ്മതിച്ചു മണിക്കൂറുകൾക്കകമാണു മലക്കംമറിച്ചിൽ.
സന്ദേശത്തിലെ പരാമർശങ്ങൾ:-
ഒരു സമയം കഴിഞ്ഞാൽ സിപിഎം നേതാക്കൾ സാന്പത്തികമായി ലെവൽ മാറും. ഏരിയാ സെക്രട്ടറിക്കു പരമാവധി 10,000 രൂപവരെയാണ് മാസം പിരിവുകിട്ടുന്നതെങ്കിൽ ജില്ലാ ഭാരവാഹിയാകുന്പോൾ 25,000ത്തിനു മുകളിലാകും. പാർട്ടി കമ്മിറ്റിയിൽ വന്നാൽ 75,000 മുതൽ ഒരു ലക്ഷം രൂപവരെയാകും പിരിവ്.
ഇന്ററാക്ട് ചെയ്യുന്ന സാന്പത്തികനിലവാരത്തിന് അനുസരിച്ചാണ് പിന്നീടുള്ള ജീവിതം. സിപിഎം നേതാക്കൾ അവരവരുടെ ജീവിതം നോക്കാൻ മിടുക്കരാണ്. എം.കെ. കണ്ണനു കോടാനുകോടി സ്വത്തുണ്ട്. കപ്പലണ്ടിക്കച്ചവടമായിരുന്നു. രാഷ്ട്രീയംകൊണ്ട് രക്ഷപ്പെട്ടതാണ്. വർഗീസ് കണ്ടംകുളത്തി നിസാര ഡീലിംഗ് ആണോ നടത്തുന്നത്.
എ.സി. മൊയ്തീൻ, അനൂപ് കാട എന്നിവരൊക്കെ വലിയ ഡീലിംഗാണു നടത്തുന്നത്. അപ്പർ ക്ലാസിന്റെയിടയിൽ ഡീലിംഗ് നടത്തുന്നയാളാണ് എ.സി. മൊയ്തീൻ.’’
വിശദീകരണം തേടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി
തൃശൂർ: ഏതാനും വർഷങ്ങൾക്കുമുന്പ് പറഞ്ഞ ഓഡിയോ സന്ദേശമാണു മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. വസ്തുതയുമായി പൊരുത്തപ്പെടുന്നതൊന്നും അതിലില്ല. ശരത്തിനോടു വിശദീകരണം തേടും.
സിപിഎമ്മിനെതിരേ വീണുകിട്ടിയ ആയുധമെന്ന നിലയിലാണ് മാധ്യമങ്ങളുടെ പ്രതികരണം. നേതാക്കളുടെ ജീവിതം സുതാര്യമാണ്. അനുചിതമായ പരാമർശമാണുണ്ടായത്.
ഏതു സാഹചര്യത്തിലാണ് ഇതു പറയാനിടയായതെന്നു പരിശോധിച്ചു വിശദീകരണം തേടും. ഉചിതമായ നടപടിയെടുക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.