ബിഎംഡബ്ല്യു കാർ ബൈക്കിലിടിച്ചു; കേന്ദ്ര ധനമന്ത്രാലയത്തിലെ ഉന്നതോദ്യഗസ്ഥന്‍ ദാരുണാന്ത്യം
Monday, September 15, 2025 1:34 AM IST
ന്യൂഡല്‍ഹി: ബൈക്കില്‍ ബിഎംഡബ്ല്യു കാര്‍ ഇടിച്ച് കേന്ദ്രധനമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥന് ദാരുണാന്ത്യം. ഡെപ്യൂട്ടി സെക്രട്ടറി നവ്ജോത് സിംഗ് (52) ആണ് മരിച്ചത്.
ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്തിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. റിംഗ് റോഡിലായിരുന്നു സംഭവം. ബംഗ്ലാ സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച ശേഷം ഹരിനഗറിലെ വീട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു നവ്ജോതും ഭാര്യയും. ഇവരുടെ വാഹനത്തിലിടിച്ച ബിഎംഡബ്ല്യു ഓടിച്ചിരുന്നത് ഒരു സ്ത്രീയായിരുന്നെന്നാണ് വിവരം.
ബംഗ്ലാ സാഹിബ് സന്ദര്‍ശിച്ച് മടങ്ങിവരുമ്പോഴാണ് തന്റെ മാതാപിതാക്കള്‍ക്ക് അപകടം സംഭവിച്ചതെന്ന് നവ്ജോത് സിംഗിന്റെ മകന് പറഞ്ഞു. എന്നാല്‍ എന്തോ കാരണം കൊണ്ട് 22 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കാണ് അവരെ കൊണ്ടുപോയത്.
നവ്ജോതിനെയും ഭാര്യയെയും ആശുപത്രിയിലെത്തിച്ചത് ബിഎംഡബ്ല്യു ഓടിച്ചിരുന്ന സ്ത്രീയാണ്. അവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും എന്നാല്‍ അവരെക്കുറിച്ച് ആശുപത്രി ജീവനക്കാര്‍ക്ക് വിവരമൊന്നുമില്ലെന്നും നവ്ജോത് സിംഗിന്റെ മകന് പറഞ്ഞു.
കാര്‍ ഓടിച്ചിരുന്ന സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആശുപത്രി അധികൃതര്‍ തയാറാകുന്നില്ലെന്നും അവര്‍ക്കുവേണ്ടി വ്യാജ മെഡിക്കല്‍-ലീഗല്‍ രേഖകള്‍ തയാറാക്കാനുള്ള നീക്കത്തിലാണെന്നും നവ്ജോത് സിംഗിന്റെ മകന് ആരോപിച്ചു.
അപകടസ്ഥലത്തെത്തിയപ്പോള്‍ ബിഎംഡബ്ല്യു കാര്‍ റോഡരികില്‍ കിടക്കുന്നതായും ഡിവൈഡറിന് സമീപം ബൈക്ക് പാര്‍ക്ക് ചെയ്ത നിലയിലുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ കാര്‍ ഓടിച്ചിരുന്ന സ്ത്രീയും ഒപ്പമുണ്ടായിരുന്ന അവരുടെ ഭര്‍ത്താവും ചേര്‍ന്ന് നവ്ജോതിനെയും ഭാര്യയെയും ടാക്സിയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.