വഖഫ്: നിയമത്തിലെ വകുപ്പുകൾ സ്റ്റേ ചെയ്യണമെന്ന ഹർജികളിൽ ഉത്തരവ് ഇന്ന്
Monday, September 15, 2025 3:33 AM IST
ന്യൂഡൽഹി: വഖഫിൽ ഇന്ന് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിയമം സ്റ്റേ ചെയ്യുന്നതിൽ ഉത്തരവിറക്കും. രാവിലെ പത്തരയ്ക്കാവും കോടതി ഉത്തരവ് പറയുക.
കഴിഞ്ഞ മേയ് 22നാണ് നിയമത്തിന്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. നിയമത്തിലെ ചില വകുപ്പുകളുടെ സ്റ്റേ ഉൾപ്പെടെയുള്ള ആവശ്യങ്ങളിലാകും ഉത്തരവിറക്കുന്നത്. പുതിയ നിയമത്തിലെ വകുപ്പുകളുടെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന മുഖ്യവിഷയം പിന്നീട് പരിഗണിക്കും.
നിയമം ഭരണഘടന ലംഘനമെന്നാണ് ഹർജിക്കാർ വാദിക്കുന്നത്. വഖഫ് ബോർഡുകളിൽ ഇതര മതസ്ഥരുടെ നിയമനം തെറ്റാണ്. അഞ്ച് വർഷം മുസ്ലീം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം. ദീർഘകാല ഉപയോഗം കൊണ്ട് വഖഫ് ആയ സ്വത്തുക്കൾക്ക് സാധുതയുണ്ട്. അന്വേഷണം തുടങ്ങിയാലുടൻ വഖഫ് സ്വത്ത് അതല്ലാതാകുമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും ഹർജിക്കാർ പറയുന്നു.
നിയമത്തില്‍ ഭരണഘടനാ വിരുദ്ധതയില്ലെന്നാണ് കേന്ദ്രസർക്കാർ വാദിക്കുന്നത്. വഖഫ് ഇസ്ലാമിലെ അനിവാര്യമായ മതാചാരമല്ല. വഖഫിൽ പുറമ്പോക്കുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. നിയമപ്രകാരമുള്ള നടപടികളിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കാം. ഏകപക്ഷീയമായി നിയമം പാസാക്കിയെന്ന് ഹർജിക്കാരുടെ വാദം തെറ്റാണെന്നും കേന്ദ്രസർക്കാർ പറയുന്നു.