അമേരിക്കയിൽ സിഖ് വയോധികയെ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു, പ്രതിഷേധിച്ച് കുടുംബം
Monday, September 15, 2025 5:36 AM IST
കാലിഫോർണിയ: കാലിഫോർണിയയിൽ പതിവ് പരിശോധനകളുടെ ഭാഗമായി എത്തിയ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത് പ്രതിഷേധത്തിനിടയാക്കി. 30 വർഷമായി വടക്കൻ കാലിഫോർണിയയിലെ ഈസ്റ്റ് ബേയിൽ താമസിക്കുന്ന 73കാരിയായ ഹർജിത് കൗറിനാണ് ദുരനുഭവം.
സംഭവത്തിന് പിന്നാലെ ഹർജിത് കൗറിന്റെ കുടുംബവും സിഖ് സമൂഹത്തിൽ നിന്നുള്ളവരും പ്രതിഷേധിച്ചു. എന്നാൽ ഹർജിത് കൗറിന് രേഖകളില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 1992 ൽ രണ്ട് ആൺമക്കളുമായി ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിയതാണ് ഇവർ. 2012 ൽ അഭയാർഥിത്വത്തിനുള്ള ഇവരുടെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു.
എന്നാൽ പിന്നീടുള്ള എല്ലാ സമയത്തും അവർ വർഷത്തിൽ രണ്ട് തവണ അവർ ഇമ്മിഗ്രേഷൻ വിഭാഗത്തിൽ നേരിട്ട് ഹാജരായിരുന്നുവെന്നും ഒരിക്കൽ പോലും ഇത് തെറ്റിയിട്ടില്ലെന്നും ഇവരുടെ മരുമകൾ ഇയോ മഞ്ചി കൗർ പറയുന്നു. വയോധികയും അസുഖബാധിതയുമായ ഹർജിത് കൗറിനെ 30 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമോയെന്ന ആശങ്കയിലാമ് കുടുംബം.