വൻതാര നിയമങ്ങൾ ലംഘിച്ചിട്ടില്ല; പ്രത്യേക അന്വേഷണ സമിതി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി
Monday, September 15, 2025 3:15 PM IST
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വൻതാരയ്ക്ക് ക്ലീൻചിറ്റ് നൽകി സുപ്രീംകോടതി. ആനന്ദ് അംബാനി സ്ഥാപിച്ച വൻതാരയിൽ ക്രമക്കേടുകളൊന്നും ഇല്ലെന്നാണ് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ.
വൻതാര മൃഗസംരക്ഷണ കേന്ദ്രത്തെ സംബന്ധിച്ച് നിരവധി ആരോപണങ്ങളുയർന്നസാഹചര്യത്തിലാണ് സുപ്രീംകോടതി പ്രത്യേക സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്.
ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് അഭിഭാഷകനായ സി.ആർ. ജയ സുകിൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രഥമദൃഷ്ടിയാൽ വൻതാരയിൽ മൃഗങ്ങളുടെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പ്രത്യേക അന്വേഷണ സമിതി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്ത് നിന്നും വിദേശത്തു നിന്നും ആനകളെയടക്കം വാങ്ങുന്നത് കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമാണെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു.
1972 ലെ വനം-വന്യജീവി നിയമവും മൃഗശാലകൾക്കുള്ള നിയമങ്ങളും പാലിക്കുന്നുണ്ടോ, മൃഗങ്ങളെ ഏറ്റെടുക്കുന്നതിലെ നിയമങ്ങൾ വൻതാര ലംഘിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സമിതി അന്വേഷിച്ചത്.
ആനന്ദ് അംബാനിയുടെ വിവാഹത്തോട് അനുബന്ധിച്ചാണ് വൻതാര സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ശ്രദ്ധ നേടിയത്. സാമൂഹ്യ മാധ്യമങ്ങളിൽ അക്കാലത്ത് വൻതാര വലിയ രീതിയിൽ ചർച്ചകൾക്കും വഴിവച്ചിരുന്നു.