രാഹുൽ മാങ്കൂട്ടത്തിൽ ആരെയും ധിക്കരിച്ചില്ല; ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിരപരാധിയാണെന്ന് സീമ ജി. നായർ
Monday, September 15, 2025 4:30 PM IST
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി നടി സീമ ജി. നായർ വീണ്ടും രംഗത്ത്. എംഎൽഎയുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ അദേഹം നിരപരാധിയാണെന്ന് സീമ ജി. നായർ ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസിൽ നിന്ന് സസ്പെന്റ് ചെയ്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സാഹചര്യത്തിലാണ് പിന്തുണ അറിയിച്ച് സീമ ജി. നായർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്.
നിലവിൽ ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തതുകൊണ്ട് രാഹുൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുത്തത് ആരെയും ധിക്കരിച്ചല്ലെന്നും സീമ അഭിപ്രായപ്പെട്ടു. സ്വതന്ത്രന് ആയതുകൊണ്ട് രാഹുലിന് സ്വന്തമായി തീരുമാനമെടുക്കാമെന്നും സീമ വ്യക്തമാക്കി.
എംഎൽഎയ്ക്കെതിരെ തുടർച്ചയായി ആരോപണങ്ങളുയർന്ന പ്രാരംഭ ഘട്ടത്തിലും നടി രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വരുമോ, വരില്ല, വരില്ലേ, വരാതിരിക്കില്ല, വരുമായിരിക്കും, വന്നു എന്നിങ്ങനെയാണ് സീമ ജി. നായരുടെ കുറിപ്പ് ആരംഭിക്കുന്നത്.