കോയിപ്രം മര്‍ദനക്കേസ്; മുഖ്യപ്രതി ജയേഷ് പോക്സോ കേസിലും പ്രതി
Monday, September 15, 2025 6:16 PM IST
പത്തനംതിട്ട: കോയിപ്രം മർദന കേസിലെ മുഖ്യപ്രതിയായ ജയേഷിനെതിരെ പോക്സോ കേസും. 2016 ൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഇയാൾ പ്രതിയാണ് എന്ന വിവരമാണ് പുറത്തുവന്നത്. ഈ പോക്സോ കേസില്‍ ജയേഷ് ജയിലില്‍ കിടന്നിട്ടുണ്ട്.
നിലവില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. കോയിപ്രം മര്‍ദനക്കേസില്‍ പരാതിക്കാരനെയും കൂട്ടി പോലീസ് വീണ്ടും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ജയേഷിന്റെ വീട്ടിൽ ആലപ്പുഴക്കാരനായ 19കാരനെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ പത്തൊമ്പതുകാരന് നേരിട്ട അതിക്രൂരമർദനം പോലീസിനോട് വിശദീകരിച്ചു.
ജയേഷിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ പറ്റി നേരത്തെ തന്നെ പൊലീസ് സൂചന നല്‍കിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ ഇരകൾ ഉണ്ടെന്ന സംശയത്തിലാണ് പോലീസ്.
യുവാക്കളെ കൂടാതെ മറ്റ് രണ്ട് പേരും മർദനത്തിന് ഇരയായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. മുഖ്യപ്രതി ജയേഷിന്റെ ഫോണിലെ രഹസ്യഫോൾഡറിലുള്ള ദൃശ്യങ്ങൾ കേസിൽ നിർണായകമാണ്.