ബിഹാര്‍ ബീഡി വിവാദം; വിമര്‍ശനവുമായി പ്രധാനമന്ത്രി
Monday, September 15, 2025 9:56 PM IST
പാറ്റ്ന: ബിഹാര്‍ ബീഡി വിവാദത്തില്‍ കോണ്‍ഗ്രസിനെയും ആര്‍ജെഡിയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാര്‍ പുരോഗമിക്കുമ്പോഴെല്ലാം ആര്‍ജെഡിയും കോണ്‍ഗ്രസും സംസ്ഥാനത്തെ അപമാനിക്കുകയാണ്.
നുഴഞ്ഞുകയറ്റക്കാര്‍ രാജ്യം വിടേണ്ടി വരുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി. ബിഹാറില്‍ 36,000 കോടിയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിഹാറില്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും വികസനം കൊണ്ടുവരാന്‍ കഴിയില്ല.
ബിഹാറില്‍ നുഴഞ്ഞുകയറ്റക്കാരെ കോണ്‍ഗ്രസും ആര്‍ജെഡിയും സംരക്ഷിക്കുന്നു. അതിനായി അവര്‍ യാത്രകള്‍ നടത്തുന്നു. എത്ര ശ്രമിച്ചാലും നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്യുന്നതിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും ഇത് മോദിയുടെ ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ബിഹാറില്‍ എത്തുന്നത്. ജിഎസ്ടിയില്‍ ഏര്‍പ്പെടുത്തിയ ഇളവ് ബിഹാറിലെ മധ്യവര്‍ഗത്തിനും പിന്നോക്ക വിഭാഗത്തിനും ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.