ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ സൈന്യം, ആറ് ലക്ഷം പലസ്തീൻകാർ കുടുങ്ങിക്കിടക്കുന്നു
Saturday, September 20, 2025 2:41 AM IST
ജറുസലം: ഗാസ സിറ്റിയിൽ ബോംബിംഗിനു പുറമേ ടാങ്കുകളുടെ രൂക്ഷമായ പീരങ്കി ആക്രമണവും ശക്തമാകുന്നു. ആക്രമണത്തിൽ 33 പലസ്തീൻകാർ കൊല്ലപ്പെട്ടു. ആറു ലക്ഷത്തോളം പലസ്തീൻകാരാണ് ഗാസ സിറ്റിയിൽ കുടുങ്ങിക്കിടക്കുന്നത്. മൂന്നരലക്ഷത്തോളം പേർ ഇതിനോടകം പലായനം ചെയ്തെന്നാണ് റിപ്പോർട്ടുകൾ.
വ്യോമാക്രമണത്തിൽ ഹമാസ് സൈനിക ഇന്റലിജൻസ് ഉപമേധാവി മഹ്മൂദ് യൂസുഫ് അബു അൽഖീറിനെ വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. അതേസമയം, ഇസ്രയേൽ അതിർത്തിയിൽ നൂറുകണക്കിന് ഇസ്രയേൽ പൗരന്മാർ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കാനും ആവശ്യപ്പെട്ട് പ്രകടനം നടത്തി.
കഴിഞ്ഞദിവസം ജോർദാനിൽനിന്ന് സഹായവുമായെത്തിയ സംഘത്തിലെ ഒരു ട്രക്ക് ഡ്രൈവർ നടത്തിയ വെടിവയ്പിൽ രണ്ട് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് അധിനിവേശ വെസ്റ്റ് ബാങ്കിനും ജോർദാനുമിടയിലെ പാത ഇസ്രയേൽ അടച്ചു. ജോർദാൻ-ഇസ്രയേൽ മുഖ്യവ്യാപാരപാതയായ ജോർദാൻ നദിയിലെ അലൻബി പാലവും അടച്ചു. വെസ്റ്റ്ബാങ്കിൽനിന്നുള്ള പലസ്തീൻകാരും ജോർദാൻ വഴിയാണ് പുറത്തുകടക്കുന്നത്.