ദോ​ഹ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ത​ട​വി​ലാ​യി​രു​ന്ന ബ്രി​ട്ടീ​ഷ് ദ​മ്പ​തി​ക​ൾ​ക്ക് ഖ​ത്ത​റി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ മോ​ച​നം. ഫെ​ബ്രു​വ​രി​യി​ലാ​ണു ബാ​ർ​ബി​യും (76) പീ​റ്റ​ർ റെ​യ്നോ​ൾ​ഡ്സും (80) താ​ലി​ബാ​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​രെ കാ​ബൂ​ളി​ൽ​നി​ന്ന് വി​മാ​ന​ത്തി​ൽ ദോ​ഹ​യി​ൽ എ​ത്തി​ച്ചു.

ത​ട​വു​കാ​ല​ത്ത് ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യ​മ​ട​ക്കം ഖ​ത്ത​ർ എം​ബ​സി വ​ഴി​യാ​ണു ന​ൽ​കി​യി​രു​ന്ന​ത്. 18 വ​ർ​ഷ​മാ​യി അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ൾ 2021ൽ ​താ​ലി​ബാ​ൻ അ​ധി​കാ​രം പി​ടി​ച്ച​തി​നു​ശേ​ഷ​വും രാ​ജ്യ​ത്തു തു​ട​രാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു താ​ലി​ബാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​നി​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ വി​മാ​നം ഉ​പ​യോ​ഗി​ച്ച​തി​നാ​ണു ചൈ​നീ​സ്-​അ​മേ​രി​ക്ക​ൻ സു​ഹൃ​ത്ത് ഫ​യി ഹാ​ളി​നൊ​പ്പം അ​റ​സ്റ്റി​ലാ​യ​ത്. ഹാ​ളി​നെ മാ​ർ​ച്ചി​ൽ മോ​ചി​പ്പി​ച്ചിരുന്നു. താ​ലി​ബാ​ന്‍റെ ത​ട​വി​ലു​ള്ള മൂ​ന്ന് യു​എ​സ് പൗ​ര​ന്മാ​രു​ടെ മോ​ച​ന​ത്തി​നും ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്.