ഖത്തറിന്റെ മധ്യസ്ഥതയിൽ ബ്രിട്ടീഷ് ദമ്പതികൾക്ക് മോചനം
Saturday, September 20, 2025 3:14 AM IST
ദോഹ: അഫ്ഗാനിസ്ഥാനിൽ തടവിലായിരുന്ന ബ്രിട്ടീഷ് ദമ്പതികൾക്ക് ഖത്തറിന്റെ മധ്യസ്ഥതയിൽ മോചനം. ഫെബ്രുവരിയിലാണു ബാർബിയും (76) പീറ്റർ റെയ്നോൾഡ്സും (80) താലിബാന്റെ പിടിയിലായത്. ഇവരെ കാബൂളിൽനിന്ന് വിമാനത്തിൽ ദോഹയിൽ എത്തിച്ചു.
തടവുകാലത്ത് ഇവർക്ക് ആവശ്യമായ വൈദ്യസഹായമടക്കം ഖത്തർ എംബസി വഴിയാണു നൽകിയിരുന്നത്. 18 വർഷമായി അഫ്ഗാനിസ്ഥാനിൽ താമസിക്കുന്ന ദമ്പതികൾ 2021ൽ താലിബാൻ അധികാരം പിടിച്ചതിനുശേഷവും രാജ്യത്തു തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇവരുടെ സന്നദ്ധസംഘടനയുടെ പ്രവർത്തനത്തിനു താലിബാൻ അനുമതി നൽകിയിരുന്നു.
ഇതിനിടെ മുൻകൂർ അനുമതിയില്ലാതെ വിമാനം ഉപയോഗിച്ചതിനാണു ചൈനീസ്-അമേരിക്കൻ സുഹൃത്ത് ഫയി ഹാളിനൊപ്പം അറസ്റ്റിലായത്. ഹാളിനെ മാർച്ചിൽ മോചിപ്പിച്ചിരുന്നു. താലിബാന്റെ തടവിലുള്ള മൂന്ന് യുഎസ് പൗരന്മാരുടെ മോചനത്തിനും ചർച്ച നടക്കുന്നുണ്ട്.