സ്കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയെയും മര്‍ദ്ദിച്ചതായി പരാതി
Saturday, September 20, 2025 10:24 AM IST
കോഴിക്കോട്: തിക്കോടിയില്‍ സ്കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയായ ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതി. പുറക്കാട് സ്വദേശി വിജയന്, ഇയാളുടെ ഭാര്യയും സ്കൂള്‍ ബസിലെ ക്ലീനറുമായ ഉഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിലെത്തിയ രണ്ട് പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ എട്ടിന് ദേശീയ പാതയില്‍ തിക്കോടി പഞ്ചായത്ത് ബസാറിലാണ് സംഭവമുണ്ടായത്. സ്കൂള്‍ ബസിന് മുന്‍പിലായി ഈ കാര്‍ സഞ്ചരിച്ചിരുന്നതായി വിജയന് പറഞ്ഞു. പലതവണ ഹോണ്‍ മുഴക്കിയെങ്കിലും മാറിത്തരാന്‍ കാര്‍ യാത്രികര്‍ തയാറായില്ല. പിന്നീട് കാറിനെ മറികടന്ന് മറ്റൊരു സ്ഥലത്തുവച്ച് കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തിയപ്പോള്‍ ഇവര്‍ അവിടെ എത്തുകയും കാറില്‍ നിന്നിറങ്ങി വന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.
വിജയന്റെ മുഖത്തുള്‍പ്പെടെ അടിയേറ്റിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഇദ്ദേഹത്തിന്റെ കണ്ണടയും നഷ്ടമായി. അക്രമം തടയാന്‍ ചെന്നപ്പോഴാണ് ഉഷയ്ക്കും മര്‍ദ്ദനമേറ്റത്.