അയ്യപ്പസംഗമം തടയാൻ നിക്ഷിപ്ത താൽപര്യക്കാർ എല്ലാ ശ്രമവും നടത്തിയെന്ന് മുഖ്യമന്ത്രി
Saturday, September 20, 2025 11:27 AM IST
പന്പാ: ആഗോള അയ്യപ്പസംഗമം തടയാൻ നിക്ഷിപ്ത താൽപര്യക്കാർ എല്ലാ ശ്രമവും നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി തന്നെ ആ നീക്കങ്ങൾ തള്ളിക്കളഞ്ഞു. യഥാർഥ ഭക്തരെ തിരിച്ചറിയാൻ പ്രയാസമില്ലെന്നും അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേത്ര വരുമാനത്തിൽനിന്നും സർക്കാർ പണമെടുക്കുന്നില്ല. എന്നാൽ ദേവസ്വം ബോർഡിന് സർക്കാർ പണം നൽകുന്നുമുണ്ട്. പണം കൊടുക്കുന്നത് കാണാതെ കൊണ്ടുപോകുന്നുവെന്നാണ് കള്ളപ്രചാരണം. അടുത്ത കള്ളപ്രചാരണം ന്യൂനപക്ഷ സംഗമം നടത്തുന്നു എന്നതാണ്. സർക്കാരിനെതിരെ ഒരു നനഞ്ഞ പടക്കമെങ്കിലും എറിയാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണ്. ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല.
ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീർഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത്. അയ്യപ്പ ഭക്തരോട് കൂടി ആലോചിച്ചാണ് ചെയ്യേണ്ടത്. ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയുണ്ടാകും. അത് മുൻനിർത്തി ഭക്തജന സംഗമം തടയാൻ അവർ ശ്രമിച്ചു. അത് നമുക്ക് ബാധകമല്ല. സുപ്രീം കോടതി തന്നെ ആ നീക്കങ്ങൾ തള്ളിക്കളഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.