മിന്നുന്ന പൊന്നിന് പൊന്നും വില; പവന് 82,000 രൂപയും കടന്നു
Saturday, September 20, 2025 12:38 PM IST
കൊച്ചി: സ്വർണ വില വീണ്ടും കുതിച്ചുയർന്നു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 10,280 രൂപയിലും പവന് 82,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ട് പുത്തൻ ഉയരത്തിലെത്തുകയായിരുന്നു. ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്.