സ്ഥലക്കച്ചവടത്തിന്റെ പേരിൽ തട്ടിപ്പ്; വ്യാജ നോട്ടുകൾ നൽകിയ പ്രതിയെ പിടികൂടി
Wednesday, September 24, 2025 6:33 AM IST
മൂവാറ്റുപുഴ: സ്ഥലക്കച്ചവടത്തിന് പരസ്യം നൽകുന്നവരെ ബ്രോക്കർ എന്ന വ്യാജേന ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന പ്രതിയെ പിടികൂടി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സജിത് കുമാറാണ് പിടിയിലായത്. പണം നഷ്ടപ്പെട്ട മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയെത്തുടർന്നായിരുന്നു പോലീസ് അന്വേഷണം.
സ്ഥലക്കച്ചവടത്തിന് പരസ്യം നൽകുന്നവരെ ഫോണിൽ വിളിച്ച് സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടുകയാണ് സജിത്തും കൂട്ടാളി മണിയും ആദ്യം ചെയ്യുന്നത്. പണത്തിന് അത്യാവശ്യമുളളവരെന്ന് മനസിലാക്കിയാൽ വെളുപ്പിക്കാനുള്ള കള്ളപ്പണം കൈവശമുള്ളവരെ അറിയാമെന്ന് പറഞ്ഞ് തട്ടിപ്പിന് തുടക്കമിടും. 15 ശതമാനം കമ്മീഷനാണ് ഇവർ ആവശ്യപ്പെടുന്നത്.
വ്യാജ നോട്ടുകെട്ടുകൾക്കിടയിൽ കുറച്ച് യഥാർഥ നോട്ടുകൾ വച്ചാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിനായി ഉപയോഗിക്കുന്നത് സിനിമകളിൽ ഉപയോഗിക്കുന്ന കറൻസിയുടെ മാതൃകയാണ്. സജിത്തിന്റെ നിർദേശപ്രകാരം കമ്മീഷനായി 15 ലക്ഷം രൂപ മൂവാറ്റുപുഴ സ്വദേശി കൈമാറി. തിരികെ ലഭിച്ചത് 85 ലക്ഷം രൂപയുടെ വ്യാജ കറൻസികളാണ്. ചതി മനസിലാക്കിയ മൂവാറ്റുപുഴ സ്വദേശി ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരന്നു.
മണിയും സജിത്തും ബന്ധപ്പെട്ട ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വാഴൂർ സ്വദേശിയായ മണി ആദ്യം പിടിയിലായത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന സജിത്തിനെ മൂവാറ്റുപുഴ എസ്എച്ച്.യുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. സജിത്തിനെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ വേറെയുമുണ്ട്.