ബിഹാർ എൻഡിഎയിൽ ഭിന്നത രൂക്ഷം; നിതീഷിനെ ബാധ്യതയായാണ് ബിജെപി കാണുന്നത്: മല്ലികാർജുൻ ഖാർഗെ
Wednesday, September 24, 2025 4:52 PM IST
പാറ്റ്ന: ബിഹാറിൽ ഇന്ത്യ മുന്നണിക്ക് അനുകൂലമായ സാഹചര്യമാണെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എൻഡിഎയിൽ ഭിന്നത രൂക്ഷമാണെന്നും ഖാർഗെ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിനെ ബാധ്യതയായി കാണുന്ന ബിജെപി തെരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തെ മാറ്റിനിർത്തുമെന്നും പറഞ്ഞു.
പാറ്റ്നയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ട്രഷറർ അജയ് മാക്കൻ, ദേശീയ ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയ്റാം രമേഷ്, സച്ചിൻ പൈലറ്റ്, സംസ്ഥാന അധ്യക്ഷൻ രാജേഷ് കുമാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
"നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വൻ വിജയം നേടും. എൻഡിഎ സർക്കാരിനെതിരെ ജനരോക്ഷമുണ്ട്. സംസ്ഥാനത്തെ എല്ലാ മേഖലയേയും തകർത്ത സർക്കാരിനെതിരെ വിധിയെഴുതാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. ജനങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പമാണ്.'-കോൺഗ്രസ് ദേശീയ അധ്യക്ഷൻ പറഞ്ഞു.
"സംസ്ഥാനത്തെ 80 ശതമാനം ജനങ്ങളും ഒബിസി, ഇബിസി, എസ്സി/എസ്ടി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ജാതി സെൻസസ് നടത്തണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. കോൺസ് പാർട്ടിയാണ് അവകരുടെ ആവശ്യത്തിനൊപ്പം നിൽക്കുന്നത്. ഇതും ഇന്ത്യ സഖ്യത്തിന് അനുകൂലമാണ്.'-മല്ലികാർജുൻ ഖാർഗെ അവകാശപ്പെട്ടു.