കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്; മുഖ്യ കണ്ണിയായ യുവതി അറസ്റ്റില്‍
Wednesday, September 24, 2025 8:16 PM IST
കൊല്ലം: നഗരത്തില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണിയായ യുവതി അറസ്റ്റില്‍. മങ്ങാട് സ്വദേശിനിയായ ഹരിത (27) ആണ് അറസ്റ്റിലായത്.
ഇരുന്ന് ലഹരിക്കച്ചവടത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രതി. ജയിലില്‍ കഴിയുന്ന കൂട്ടുപ്രതികളെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഹരിതയെ രഹസ്യ നീക്കത്തിലൂടെ പിടികൂടുകയായിരുന്നുവെന്ന് സിറ്റി പൊലീസ് അറിയിച്ചു.
ഹരിതയുടെ കൂട്ടാളികളായ മൂന്ന് പേര് നേരത്തെ ലഹരിക്കേസില്‍ അറസ്റ്റിലായിരുന്നു. ഓഗസ് 24 നാണ് വിപണിയിൽ അഞ്ച് ലഷം രൂപ വില വരുന്ന 75 ഗ്രാം എംഡിഎംഎ യുമായി പുന്തലത്താഴം സ്വദേശി അഖിൽ ശശിധരന് സിറ്റി പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് ലഹരി ശ്യംഖലയെ കുറിച്ച് വിവരം ലഭിച്ചു.
തുടര്‍ന്ന് സിറ്റി എസിപി എസ് ഷെരീഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പിന്നാലെ കല്ലുന്താഴം സ്വദേശി അവിനാഷിനെ പിടികൂടി. അഖിലിനെ പിടികൂടിയത് അറിഞ്ഞ് ഒളിവിൽ പോയ അമ്മച്ചി വീട് സ്വദേശി ശരത്തിനെ അടുത്തിടെ എംഡിഎംഎയുമായി സിറ്റി ഡാൻസാഫ് ടീമും കൊട്ടിയം പോലീസും ചേർന്ന് അറസ്റ് ചെയ്തിരുന്നു.
പ്രതികളില്‍ നിന്ന് ലഭിച്ച സൂചനകളാണ് അന്വേഷണം ഹരിതയിലേക്ക് എത്തിച്ചത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഹരിതയുടെ മാതാപിതാക്കൾ ഒമാനിലാണ്. മങ്ങാടുള്ള വീട്ടില്‍ മുത്തശിക്കൊപ്പമാണ് ഹരിത നേരത്തെ താമസിച്ചിരുന്നത്.
ലഹരിക്കേസിലെ രണ്ടാം പ്രതി അവിനാഷും ഹരിതയും കോളജിൽ ഒരുമിച്ച് പഠിച്ചവരാണ്. പഠനം കഴിഞ്ഞ ശേഷം ലഹരി കച്ചവടത്തിൽ ഇറങ്ങിയ ഹരിത എംഡിഎംഎ വിതരണത്തില്‍ മുഖ്യ ഏജന്റ് ആയി. ഇതിനിടെ 2024 ഡിസംബറിൽ രണ്ട് ഗ്രാം എംഡിഎംഎയുമായി ഹരിതയെയും മൂന്ന് യുവാക്കളെയും എറണാകുളത്ത് ലോഡ്ജിൽ വച്ച് സെൻട്രൽ പോലീസ് പിടികൂടി.
ജനുവരിയിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒമാനിൽ മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു. പിന്നീട് ഒമാനില്‍ ഇരുന്നായിരുന്നു എംഡിഎംഎ ഇടപാടുകള്‍.