എൻഎസ്എസുമായി കോണ്‍ഗ്രസിനു നല്ല ബന്ധം: രമേശ് ചെന്നിത്തല
Wednesday, September 24, 2025 10:09 PM IST
പാലക്കാട്: എൻഎസ്എസുമായി കോണ്‍ഗ്രസിനു നല്ല ബന്ധമാണുള്ളതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. അതേസമയം ശബരിമലവിഷയത്തിൽ അവർക്ക് അവരുടേതായ നിലപാടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർസംവിധാനം ഉപയോഗിച്ചു നടത്തിയ അയ്യപ്പസംഗമവും അതിനുപിന്നാലെ നടത്തിയ ബദൽസംഗമവും യുഡിഎഫും കോണ്‍ഗ്രസും അംഗീകരിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ചില നിക്ഷിപ്തതാത്പര്യങ്ങൾക്കുവേണ്ടിയാണ് ആർഎസ്എസ് അയ്യപ്പസംഗമം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മുന്‍പു നടത്തിയ നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരേ നിരവധി കേസുകളാണ് സർക്കാർ എടുത്തത്. മണ്മറഞ്ഞുപോയ ഉമ്മൻ ചാണ്ടിക്കെതിരേയും തനിക്കെതിരേയുംവരെ കേസുകളുണ്ട്. ഉമ്മൻ ചാണ്ടി മരിച്ചശേഷവും സർക്കാർ കേസുമായി മുന്നോട്ടുപോവുകയാണ് ചെയ്തത്. ഒടുവിൽ കോടതിയാണ് ഇക്കാര്യത്തിൽ ഇടപെട്ടത്.
അയ്യപ്പസംഗമത്തിനുമുന്പേ ഈ കേസുകൾ പിൻവലിക്കാൻ സർക്കാർ തയാറാകണമായിരുന്നു. യുവതീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് കൊടുത്ത സത്യവാംഗ്മൂലം പിൻവലിക്കാൻ സർക്കാർ തയാറായില്ല. ശബരിമലവിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ ഭക്തജനങ്ങളോടു മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പിണറായി വിജയൻ ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ഭക്തി കാപട്യമാണെന്നു ജനം തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.