‘വനിതാ സംരംഭക കോൺക്ലേവ് 2025’ ലോഗോ പ്രകാശനം ചെയ്തു
Wednesday, September 24, 2025 11:32 PM IST
തിരുവനന്തപുരം: കേരളത്തിലെ വനിതാ സംരംഭകരുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ‘കേരള വുമൺ ഓൺട്രപ്രെണേഴ്സ് കോൺക്ലേവ് 2025’-ന്റെ ലോഗോ വ്യവസായമന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. സംഗമം ഒക്ടോബർ 13ന് തൃശൂരിൽ നടക്കും.
ലോകബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കുന്ന റാംപ് (RAMP - Raising and Accelerating MSME Performance) പദ്ധതിയുടെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ബാങ്കുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയുമായി ബന്ധപ്പെടാനുള്ള ഏകജാലക സംവിധാനം ഇവിടെ സജ്ജമാക്കും.
പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിലുള്ളവ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് വലിയ അവസരമാണിതെന്ന് മന്ത്രി പി. രാജീവ് കൂട്ടിച്ചേർത്തു.
കൂടുതൽ പേരെ ഉൾക്കൊള്ളുന്ന ഒരു സംരംഭകത്വ അന്തരീക്ഷം കേരളത്തിൽ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായിരിക്കും ഈ കോൺക്ലേവെന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
വനിതാ സംരംഭകർക്ക് പുതിയ ആശയങ്ങൾ നൽകാനും അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനും സംരംഭങ്ങൾക്ക് കൂടുതൽ വളർച്ച നേടാനും ഈ സംഗമം സഹായിക്കുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണു രാജ് അഭിപ്രായപ്പെട്ടു.