റഫ ഇടനാഴി തുറക്കാൻ ഇസ്രയേൽ, സഹായവുമായി കൂടുതൽ ട്രക്കുകൾ ഗാസയിലേക്ക്
Thursday, October 16, 2025 1:27 AM IST
ജറൂസലെം: ഗാസ മുനമ്പിനെയും ഈജിപ്തിനെയും വേർതിരിക്കുന്ന റഫ ഇടനാഴി തുറക്കാൻ സമ്മതിച്ച് ഇസ്രയേൽ. റഫ ഇടനാഴി വ്യാഴാഴ്ച തുറക്കുമെന്നാണ് കരുതുന്നത്. ഇതോടെ ഗാസയിലേക്കുള്ള സഹായവുമായി കൂടുതൽ ട്രക്കുകൾ ഇവിടേക്ക് എത്തിത്തുടങ്ങും.
ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ ഹമാസ് വൈകുന്നുവെന്ന പേരിൽ റഫ ഇടനാഴി തുറന്നുകൊടുക്കാൻ ഇസ്രയേൽ വിസമ്മതിച്ചിരുന്നു. റഫയിൽ യൂറോപ്യൻ യൂണിയന്റെ ദൗത്യ സംഘത്തെ നിയോഗിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇടനാഴി കടക്കാനെത്തുന്നവർക്ക് എന്തു നിയന്ത്രണമാണ് ഏർപ്പെടുത്തുന്നതെന്ന് വ്യക്തമല്ല.
തിങ്കളാഴ്ച നാലു ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രയേലിനു കൈമാറിയ ഹമാസ്, ചൊവ്വാഴ്ച നാലു പേരുടെ മൃതദേഹങ്ങൾ കൂടി വിട്ടുനൽകി. ഇതിൽ ഒരാൾ ബന്ദിയല്ലെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു.
പലസ്തീൻകാരായ 45 പേരുടെ മൃതദേഹങ്ങൾ ഇസ്രയേൽ ചൊവ്വാഴ്ച കൈമാറി. എന്നാൽ ഇവർ ഇസ്രയേലിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചതാണോ അതോ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം ഏറ്റെടുത്ത് സൂക്ഷിച്ചിരുന്നതാണോയെന്ന് വ്യക്തമല്ല.