ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമഗതാഗത വിലക്ക് നീട്ടി പാക്കിസ്ഥാൻ
Thursday, October 16, 2025 2:29 AM IST
ന്യൂഡൽഹി: വ്യോമഗതാഗത വിലക്ക് നീട്ടി പാക്കിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കാണ് നവംബർ 23 വരെ പാക്കിസ്ഥാൻ നീട്ടിയത്. ഈ മാസം 23നാണ് വിലക്ക് അവസാനിക്കേണ്ടിയിരുന്നത്. പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ വിലക്കും നീട്ടിയേക്കും.
ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെതുടർന്ന് സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയശേഷമാണ് പാക്കിസ്ഥാൻ വ്യോമപാത അടയ്ക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ ഒരു മാസത്തേക്കായിരുന്നു ഈ വിലക്ക്. ഇതിനു മറുപടിയായി ഇന്ത്യയും ഏപ്രിൽ 30ന് പാക്കിസ്ഥാൻ വിമാനങ്ങൾക്ക് വ്യോമപാത അടയ്ക്കുകയായിരുന്നു.
150ഓളം ഇന്ത്യൻ വിമാനങ്ങളാണ് ഓരോ ദിവസവും പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെ ദിനംപ്രതി മറ്റു രാജ്യങ്ങളിലേക്ക് പോയിരുന്നത്. പാക്കിസ്ഥാൻ വ്യോമമേഖല അടച്ചിരിക്കുന്നതുമൂലം ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളെയാണ് കാര്യമായി ബാധിക്കുന്നത്.