ലഡാക്കിലെ നിയന്ത്രണം പിൻവലിച്ചു
Thursday, October 16, 2025 6:19 AM IST
ജമ്മു: സംസ്ഥാനപദവി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടർന്ന് ജമ്മു കാഷ്മീരിലെ ലഡാക്കിൽ ലേ ജില്ലയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പിൻവലിച്ചു. കഴിഞ്ഞമാസം 24 നാണു നാലുപേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭം അരങ്ങേറിയത്.
സംഘർഷത്തിൽ 80 ലേറെ ആളുകൾക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. 22 ദിവസത്തിനുശേഷമാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്.
സംഘർഷത്തിനുപിന്നിൽ പ്രവർത്തിച്ചുവെന്നാരോപിച്ച് ലഡാക്കിലെ പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക് അറസ്റ്റിലായിരുന്നു. ദേശീയസുരക്ഷാ നിയമപ്രകാരം സോനത്തെ ജോധ്പുർ ജയിലിൽ പാർപ്പിച്ചിരിക്കുകയാണിപ്പോൾ.