ഇത് ഒറിജിനൽ അല്ല ഡ്യൂപ്ലിക്കറ്റ് ഗണേശൻ, തന്തയ്ക്കിട്ട് പാരവച്ചു: വെള്ളാപ്പള്ളി നടേശൻ
Thursday, October 16, 2025 2:50 PM IST
ആലപ്പുഴ: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഗണേഷ് കുമാര്‍ അഹങ്കാരത്തിന് കൈയും കാലും വച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ദൈവനാമമായ തന്റെ പേര് ഇടയ്ക്കിടയ്ക്ക് പറഞ്ഞാല്‍ വെള്ളാപ്പള്ളിക്ക് മോക്ഷം കിട്ടുമെന്ന് ഗണേഷ് കുമാറിന്റെ പരിഹാസത്തോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
ഗണേശനെക്കുറിച്ച് പല പ്രാവശ്യം പറഞ്ഞാല്‍ പുണ്യം കിട്ടുമെന്ന്. അത് ഏതു ഗണേശനാണ്. വിഘ്നേശ്വരനായ ഗണേശനാണ്. സുബ്രഹ്മണ്യന് ലോകം ചുറ്റാനായി മയിലിന് പുറത്തു കയറി പോയപ്പോള്‍ ഭഗവാനായ ഗണേശന് അച്ഛനും അമ്മയ്ക്കും ചുറ്റും ചുറ്റി.
എന്നാല്‍ അച്ഛനും അമ്മയ്ക്കുമെതിരെ പാര വച്ചനാണ് ഈ ഗണേശന്. തന്തയ്ക്കിട്ട് പാരവച്ച ഈ ഗണേശനെപ്പറ്റി എന്തു പറയാനാണ്. അമ്മയ്ക്കിട്ടും പെങ്ങള്‍ക്കിട്ടും പാരവച്ചില്ലേ. ഇത് ഡ്യൂപ്ലിക്കേറ്റ് ഗണേശനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ മന്ത്രി കെ.ബി. ഗണേഷ് കുമാറും പ്രതികരിച്ചു. അത് ഓരോരുത്തരുടെ സംസ്കാരമാണ്. എല്ലാവര്ക്കും ഒരേ സംസ്കാരമല്ല. ആ സംസ്കാരം ആളുകള്‍ തിരിച്ചറിഞ്ഞാല്‍ മതി. അതിന് മറുപടിയൊന്നും പറയുന്നില്ല. ആ ലെവലല്ല എന്റെ ലെവല്‍. ഇത്തിരി കൂടിയ ലെവലാണ് തന്റേത്. പ്രായവും പക്വതയുമില്ലാതെ, കള്‍ച്ചറില്ലാതെ പലരും പലതും സംസാരിക്കും. അതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല. ആ ലെവലിലേക്ക് താഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.