മഹാസഖ്യത്തിൽ സീറ്റ് വിഭജനം പോലും പൂർത്തിയായിട്ടില്ല; ബിഹാറിൽ എൻഡിഎയ്ക്ക് തന്നെയായിരിക്കും വിജയം: ദിലീപ് ജയ്സ്വാൾ
Thursday, October 16, 2025 4:01 PM IST
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ തന്നെയായിരിക്കും വിജയിക്കുകയെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ ദിലീപ് ജയ്സ്വാൾ. ജനങ്ങൾ എൻഡിഎയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
"എൻഡിഎയിൽ സീറ്റ് വിഭജനം പൂർത്തിയായി. ഞങ്ങൾ ഒറ്റക്കെട്ടാണ്. എല്ലാ സഖ്യകക്ഷികൾക്കും അർഹമായ പരിഗണന നൽകാനായി. നീതിഷിന്റെ നേതൃത്വത്തിൽ സഖ്യം വൻ വിജയം നേടും.'- ദിലീപ് ജയ്സ്വാൾ അവകാശപ്പെട്ടു.
"എന്നാൽ മഹാസഖ്യത്തിൽ കാര്യങ്ങൾ ശുഭകരമല്ല. സീറ്റ് വിഭജനം പോലും അവർക്ക് പൂർത്തിയാക്കാനായിട്ടില്ല. കോൺഗ്രസും ആർഡെജിയും തമ്മിൾ പോലും തർക്കത്തിലാണ്. മുകേഷ് സാഹ്നിയുടെ വിഐപിയെ അവർ അവഗണിക്കുകയാണ്.'-ദിലീപ് ജയ്സ്വാൾ കുറ്റപ്പെടുത്തി.
"മഹാസഖ്യത്തിന്റെ ഇത്തരത്തിലുള്ള രീതികൾ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല. അവർ ഇപ്പോൾ തന്നെ എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ഒരുങ്ങി കഴിഞ്ഞു. അതുകൊണ്ട് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎയുടെ വിജയം.'- ബിഹാർ ബിജെപി അധ്യക്ഷൻ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.