രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ
Thursday, October 16, 2025 9:56 PM IST
ആലപ്പുഴ: രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെട്ടികുളങ്ങര ഈരേഴ വടക്ക് കുഴുവടി പടീറ്റതിൽ വീട്ടിൽ രാഹുൽ (29) ആണ് അറസ്റ്റിലായത്.
മാവേലിക്കരയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ബുധനാഴ്ച സ്കൂളിലെത്തിയ കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് സ്കൂളിൽ നിന്നും മാവേലിക്കര സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് തെളിഞ്ഞത്. ഉടൻ വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തു. പ്രതി കുട്ടിയുടെ അച്ഛന്റെ ഉറ്റ സുഹൃത്തും അച്ഛനൊപ്പം വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്നു.
കുട്ടി അച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. പ്രതിയും കുട്ടിയുടെ അച്ഛനും വീട്ടിലിരുന്ന മദ്യപിച്ച ശേഷം, അച്ഛൻ പുറത്തേക്ക് പോയ സമയം പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അച്ഛനെ പേടിച്ച് കുട്ടി വിവരം വീട്ടിൽ പറഞ്ഞിരുന്നില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.