വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗൺസിലർ അറസ്റ്റിൽ
Saturday, October 18, 2025 3:44 PM IST
കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ചോടിയ സിപിഎം കൗൺസിലർ അറസ്റ്റിൽ. പി.പി. രാജേഷാണ് അറസ്റ്റിലായത്. കണിയാർക്കുന്നിൽ കുന്നുമ്മൽ ഹൗസിൽ പി. ജാനകിയുടെ മാലയാണ് പൊട്ടിച്ച് കടന്നുകളഞ്ഞത്.
മാലയ്ക്ക് ഒരു പവനിലധികം തൂക്കം വരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു സംഭവം. ജാനകി വീടിന്റെ പിൻവശത്തുനിന്ന് മീൻ വെട്ടുകയായിരുന്നു. വീടിന്റെ പിന്നിലൂടെ എത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജാനകിയുടെ നിലവിളികേട്ട് സമീപത്തെ വീട്ടുകാർ ഓടിയെത്തുമ്പോഴോക്കും മോഷ്ടാവ് സ്കൂട്ടറിൽ കടന്നുകളഞ്ഞു. തുടർന്നു കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പിടിയിലായത്.