രണ്ട് ട്രെയിനുകൾക്ക് കേരളത്തിൽ സ്റ്റോപ്പ് അനുവദിച്ചു
Sunday, October 19, 2025 3:03 AM IST
തിരുവനന്തപുരം: കേരളത്തിലെ രണ്ട് സ്റ്റേഷനുകളിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതായി കെ.സി. വേണുഗോപാൽ എംപി. ഹംസഫര്‍ എക്സ്പ്രസിന് കായംകുളത്തും രാജ്യറാണി എക്സ്പ്രസിന് കരുനാഗപ്പള്ളിയിലുമാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
ആലപ്പുഴ മണ്ഡലത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 17നു കത്തു നൽകിയതിന് പുറമെ ഈമാസം എട്ടിനു റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ നേരില്‍ കണ്ടപ്പോഴും ഇക്കാര്യം ഉന്നയിക്കുകയും നിവേദനം കൈമാറുകയും ചെയ്തിരുന്നു.
കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം തന്നെ ഫോണിൽ നേരിട്ട് വിളിച്ച് അറിയിച്ചതെന്നും വേണുഗോപാൽ ഫേസ്ബുക്കിലൂടെ കുറിച്ചു. യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി ഇക്കാര്യത്തിൽ അനുകൂല നടപടി സ്വീകരിച്ച മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എംപി കൂട്ടിച്ചേർത്തു.