കാസർഗോഡ് - തിരുവനന്തപുരം ആറുവരിപ്പാത; പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കും: പി.എ.മുഹമ്മദ് റിയാസ്
Sunday, October 19, 2025 4:29 AM IST
കോഴിക്കോട്: കാസർഗോഡ് - തിരുവനന്തപുരം ആറുവരിപ്പാത 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വിഷൻ 2031 - ന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല സെമിനാർ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
2016ൽ അധികാരത്തിൽ വന്ന സർക്കാരും മുഖ്യമന്ത്രിയും നടത്തിയ ഇഛാശക്തിയോടെയുള്ള ഇടപെടലാണ് മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയപാത 66ന്റെ വികസനം സാധ്യമാക്കിയത്. സർക്കാർ അധികാരത്തിൽ വരുമ്പോൾ ദേശീയപാതയുടെ കാര്യത്തിൽ രണ്ട് വഴികളാണ് മുമ്പിലുണ്ടായിരുന്നത്.
ഒന്നുകിൽ പദ്ധതി ഉപേക്ഷിക്കുക, അല്ലെങ്കിൽ ഫണ്ട് കണ്ടെത്തുക. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ദേശീയ പാത വികസനത്തിന് ഫണ്ട് കണ്ടെത്താൻ ഒരു സംസ്ഥാനം തീരുമാനിച്ചു. പദ്ധതി യാഥാർഥ്യമാക്കാൻ 5,580 കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്.
കേരളത്തിന്റെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ഒന്നായി ദേശീയപാത വികസനം മാറുമെന്നും മന്ത്രി പറഞ്ഞു.