ജി. സുധാകരൻ തന്റെ നേതാവ്, താൻ ഒന്നും ഉപദേശിച്ചിട്ടില്ല: മന്ത്രി സജി ചെറിയാൻ
Sunday, October 19, 2025 10:43 PM IST
ആലപ്പുഴ: ജി. സുധാകരൻ തന്റെ നേതാവാണെന്നും താൻ ഒന്നും ഉപദേശിച്ചിട്ടില്ലെന്നും മന്ത്രി സജി ചെറിയാൻ. താൻ ഉപദേശിക്കാൻ ആളല്ല. സുധാകരൻ സാർ പറഞ്ഞതാണ് ശരി. സുധാകരൻ സാറിന് എന്നെ കുറിച്ച് ഒരു തെറ്റിധാരണയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ തെറ്റിധാരണ ഉണ്ടാക്കരുത്. എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ സംസാരിച്ചു തീർത്തോളാമെന്നും സജി ചെറിയാൻ പറഞ്ഞു.
സുധാകരൻ പാർട്ടിയുടെ ഭാഗമാണ്. സുധാകരൻ സാർ മുന്നിൽ നിന്ന് പാർട്ടിയെ നയിക്കും. എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്നും സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ സജി ചെറിയാനെതിരെ ജി. സുധാകരൻ രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാൻ ശ്രമിച്ചുവെന്നും പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചുവെന്നുമായിരുന്നു സുധാകരന്റെ വിമർശനം.