കൊച്ചി കോര്പറേഷന് പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചൊവ്വാഴ്ച
Monday, October 20, 2025 8:46 PM IST
കൊച്ചി: കാല് നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ കൊച്ചി കോര്പറേഷന് പുതിയ ആസ്ഥാന മന്ദിരം ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. മറൈന്‍ഡ്രൈവില്‍ ഗോശ്രീ പാലത്തിനടുത്ത് അബ്ദുല്‍ കലാം മാര്ഗിനോടു ചേര്‍ന്നുള്ള ഒന്നരയേക്കറിലാണ് പുതിയ ആസ്ഥാനമന്ദിരം.
ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോറുകള്‍ ഉള്‍പ്പടെ 1.68 ലക്ഷം സ്ക്വയര്‍ഫീറ്റില്‍ ആറ് നിലകളിലായണ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. ഒന്നാം നിലയിലാണ് കൗണ്‍സില്‍ ഹാളും മേയറുടേയും ഡെപ്യൂട്ടി മേയറുടേയും ചേംബറുകള്‍. സ്ഥിരം സമിതി അധ്യക്ഷരുടെ ഓഫീസ് മുറികളും മേയറുടേയും ഡെപ്യൂട്ടി മേയറുടേയും ഓഫീസുകളും ഒന്നാം നിലയില്‍ തന്നെയാണുള്ളത്.
ഉത്തരേന്ത്യന്‍ വാസ്തുശില്പ നിര്‍മിതിയില്‍ മനോഹരമാണ് കൗണ്‍സില്‍ ഹാള്‍. നിലവില്‍ 74 കൗണ്സിലര്മാരാണുള്ളതെങ്കിലും 82 പേര്‍ക്കുള്ള ഇരിപ്പിടങ്ങളുണ്ട്. മേയറുടെ ഡയസിന് ഇരുവശവുമാണ് ഉദ്യോഗസ്ഥര്‍ക്കുള്ള ഇരിപ്പിടം. ഹാളിന്റെ പിന്നിലായി പൊതുജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇരിക്കാനുള്ള സൗകര്യവുമുണ്ട്.
കൊച്ചിയുടെ പൈതൃകം അടയാളപ്പെടുത്തുന്ന ഗ്രൗണ്ട് ഫ്ലോറിലെ കലാസൃഷ്ടി ശ്രദ്ധേയമാണ്. മുന്നില്‍ അറബിക്കടലിന്റെ റാണി ശില്പവും സ്ഥാപിച്ചിട്ടുണ്ട്. പൊതുജന സേവന കേന്ദ്രം ഗ്രൗണ്ട് ഫ്ലോറിലാണ്. രണ്ടാംനില മുതലാണ് വിവിധ വിഭാഗം ഉദ്യോഗസ്ഥരുടെ ഓഫീസുകളും മിനികോണ്‍ഫറന്‍സ് ഹാളും.
സി.എം. ദിനേശ് മണി മേയര്‍ ആയിരിക്കെ 2006-ല്‍ നിര്‍മാണം ആരംഭിക്കുമ്പോള്‍ 18.75 കോടിയായിരുന്നു എസ്റ്റിമേറ്റ്. 2018 ല്‍ 24.7 കോടിയായി ഉയര്‍ന്നു. എസ്റ്റിമേറ്റില്‍ സ്ട്രക്ച്ചര്‍ പൂര്‍ത്തിയാക്കുന്നത് മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്.
പ്ലംബിംഗ്, ഇലക്ട്രിഫിക്കേഷന്, ലിഫ്റ്റ്, ഇന്റീരിയര്‍ തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തി 2020 ല്‍ നിര്‍മാണ ചെലവ് 43 കോടിയായി ഉയര്‍ത്തിയുള്ള എസ്റ്റിമേറ്റ് തയാറാക്കി. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 61 കോടിയായി ഉയരുമെന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു.
പുതിയ മന്ദിരത്തില്‍ മലിനജല സംസ്കരണ സംവിധാനത്തിന്റെയും കുടിവെള്ള ടാങ്കിന്റേയും ഉള്‍പ്പടെ അവസാനഘട്ട പണികള്‍ പൂര്‍ത്തിയാകാനുണ്ട്. വരും ദിവസങ്ങളില്‍ ഇവ പൂര്‍ത്തിയാക്കും. കൗണ്‍സില്‍ ഹാളും മേയറുടെ ഓഫീസും പൂര്ണസജമായതിനാല് അടുത്ത കൗണ്‍സില്‍ യോഗം പുതിയ മന്ദിരത്തില്‍ നടത്താനാണ് ശ്രമിക്കുന്നതെന്ന് മേയര്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ മേയര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ എം.ബി. രാജേഷ്, പി.രാജീവ് എന്നിവര്‍ മുഖ്യാതിഥികളാകും. ഹൈബി ഈഡന് എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, കെ.ജെ. മാക്സി, കെ. ബാബു, ഉമാ തോമസ്, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും.