രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ നാടൊരുങ്ങി
Monday, October 20, 2025 8:55 PM IST
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ വരവേല്‍ക്കാന്‍ പാലായും കോട്ടയവും കുമരകവും അണിഞ്ഞൊരുങ്ങുന്നു. മൂന്നിടങ്ങളിലും റോഡിലെ കുഴിയടയ്ക്കല്‍, പുല്ലുവെട്ട്, വൈദ്യുതി അറ്റകുറ്റപ്പണികള്‍ എന്നിവ നടക്കുന്നു.
കോട്ടയം നഗരത്തിന്റെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ റോഡുകളുടെ നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗതം തടസം രൂക്ഷമായി. ശിവഗിരിയില്‍ നിന്ന് 23ന് ഉച്ചകഴിഞ്ഞു 3.45ന് രാഷ്ട്രപതി ഹെലികോപ്ടറില്‍ പാലായിലെത്തും.
സെന്റ് തോമസ് കോളജിലെ ബിഷപ് വയലില്‍ ഹാളിലാണ് പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് കോളജിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി. പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ.ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. പാലായില്‍നിന്ന് 5.30ന് ഹെലികോപ്റ്ററില്‍ കോട്ടയം പോലീസ് പരേഡ് മൈതാനത്ത് ഇറങ്ങി റോഡ് മാര്‍ഗമാണ് രാഷ്ട്രപതി കുമരകം താജ് ഹോട്ടലിലെത്തി അന്നു രാത്രി അവിടെ തങ്ങുന്നത്.
കോണത്താറ്റ് പാലത്തിനു സമീപം നിലവിലുള്ള താത്കാലിക റോഡില്‍ തറ ഓടുകള്‍ പാകുന്നതിനുള്ള ജോലിയാണ് റോഡിന്റെ കാര്യത്തില്‍ ചെയ്യുന്നത്. കോണത്താറ്റ് പാലത്തിലൂടെ രാഷ്ട്രപതിയുടെ കാര്‍ പോകുന്നതിനു സുരക്ഷാ പ്രശ്നം ഉണ്ടെങ്കില്‍ ഉപയോഗിക്കുന്നതിനാണു താല്‍ക്കാലിക റോഡ് നന്നാക്കുന്നുണ്ട്.
റോഡിലേക്ക് ചാഞ്ഞു നില്ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റി. കുമരകം റൂട്ടില്‍ ഇല്ലിക്കല്‍ പാലം മുതല്‍ കവണാറ്റിന്‍കര വരെയുള്ള റോഡ് കുഴികള്‍ അടച്ചുവരികയാണ്. 24ന് രാവിലെ 10ന് കുമരകത്തു നിന്നും റോഡുമാര്‍ഗം കോട്ടയത്തെത്തി ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്കും തുടര്‍ന്ന് ഡല്‍ഹിയിലേക്കും മടങ്ങും.