ബെഞ്ചമിൻ നെതന്യാഹു കാനഡയിലെത്തിയാൽ അറസ്റ്റ് ചെയ്യും: മാർക്ക് കാർണി
Tuesday, October 21, 2025 7:15 AM IST
ഒട്ടാവ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിൽ എത്തിയാൽ അറസ്റ്റ് നേരിടേണ്ടിവരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.
ബ്ലൂംബെർഗിന്റെ "ദി മിഷാൽ ഹുസൈൻ ഷോ'യിൽ മിഷാൽ ഹുസൈനുമായുള്ള അഭിമുഖത്തിനിടെയാണ് കാർണി ഈ പ്രസ്താവന നടത്തിയത്. ബെഞ്ചമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറന്റ് നടപ്പാക്കുമോയെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
ഗാസ സംഘർഷം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരവും കാർണി നൽകി.
ഐസിസി അംഗരാജ്യമെന്നനിലയ്ക്ക് കോടതി തീരുമാനങ്ങളോട് നിയമപരമായി സഹകരിക്കാൻ കാനഡയ്ക്ക് ബാധ്യതയുണ്ടെന്നും കാർണി പറഞ്ഞു. കഴിഞ്ഞ നവംബറിലാണ് നെതന്യാഹുവിനും ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനുമെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചത്.