തെലുങ്കാനയിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമം; പ്രതിയെ വെടിവച്ചു കൊന്നു
Tuesday, October 21, 2025 8:29 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ പോലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്ന കേസിലെ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. സ്ഥിരം കുറ്റവാളിയായ ഷെയ്ഖ് റിയാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. നിസാമാബാദിലെ ആശുപത്രിയിൽ വച്ചാണ് സംഭവം.
പോലീസിന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പോലീസ് കോൺസ്റ്റബിൾ ഇ. പ്രമോദി(42)നെ ഷെയ്ഖ് റിയാസ് കൊലപ്പെടുത്തിയത്. തെലുങ്കാന പോലീസിന് സ്ഥിരം തലവേദനയായിരുന്ന ഷെയ്ഖ് റിയാസിനെ പിടികൂടാൻ ഞായറാഴ്ച പോലീസ് സംഘം എത്തിയിരുന്നു.
എന്നാൽ രക്ഷപെടാനുള്ള ശ്രമത്തിനിടെ ഇയാൾ കോൺസ്റ്റബിൾ പ്രമോദിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ പ്രമോദ് മരണത്തിന് കീഴടങ്ങി. കൂടാതെ, ഇയാളെ പിടികൂടാൻ പോലീസിനെ സഹായിച്ച പ്രദേശവാസിയെയും ഇയാൾ പരിക്കേൽപ്പിച്ചു.
പിന്നീട് ഷെയ്ഖ് റിയാസിനെ പിടികൂടിയ പോലീസ് സംഘം വൈദ്യപരിശോധനയ്ക്കായി നിസാമാബാദിലെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഇവിടെവച്ച് ഇയാൾ പോലീസിനെ ആക്രമിക്കുകയായിരുന്നു.
പോലീസിന്റെ തോക്ക് തട്ടിയെടുത്ത ഷെയ്ഖ് റിയാസ് വെടിയുതിർത്തു. ഇതിൽ ഒരു പോലീസുകാരന് പരിക്കേറ്റു. ഇതിനു പിന്നാലെയാണ് പോലീസ് ഷെയ്ഖ് റിയാസിനെ വെടിവച്ചു കൊലപ്പെടുത്തിയത്.