ഇരട്ട ന്യൂനമര്‍ദം; സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; റെഡ് അലര്‍ട്ട്
Tuesday, October 21, 2025 1:25 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇന്നും ബുധനാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
ബുധനാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും കാസർഗോഡ്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ഒന്‍പത് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച കാസർഗോഡ്, കണ്ണൂര്‍ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ്. വെള്ളിയാഴ്ച കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ടന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളത്.